കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. ഇന്നലെ രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മൂന്നാം പീടിക സ്വദേശിയായ അബൂബക്കർ ആണ് മരിച്ചത്.
കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോകാൻ ഒരുങ്ങുന്നതിനിടെയാണ് പിന്നിൽ നിന്ന് എത്തിയ കാർ അബൂബക്കറിനെ ഇടിച്ച് തെറിപ്പിച്ചത്. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ ആദ്യം റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിക്കുകയും തുടർന്ന് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കയനി ജുമാ മസ്ജിദിൽ കബറടക്കും.










