തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനാപകടത്തിൽ മരിച്ചു. നാവായിക്കുളം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ളയാണ് മരിച്ചത്. ഇന്നലെ രാവിലെ 28 മൈൽ–ഇടമൺ നില റോഡിലാണ് സംഭവം നടന്നത്.
പെരിക്കോട്ടുകോണത്ത് അമിതവേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻ പിള്ളയെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ഇടിച്ച് വീണ തുളസീധരൻ പിള്ള സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തിന് ശേഷം വാഹനം നിർത്താതെ മുന്നോട്ടുപോയെങ്കിലും, കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ ഉടമയെ പിടികൂടി. പോത്തൻകോട് സ്വദേശി മാത്യു തോമസാണ് പിടിയിലായത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സ്ഥിരമായി ഈ വഴിയിലൂടെ പ്രഭാത സവാരി നടത്തുന്ന ആളായിരുന്നു തുളസീധരൻ പിള്ള. കാറിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.










