ഡല്ഹി: വീല്ചെയര് നല്കാത്തതിനെ തുടര്ന്ന് വിമാനത്താവളത്തില് വീണ വയോധികയ്ക്ക് പരിക്ക്. എയര് ഇന്ത്യക്കെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്. ഡല്ഹി വിമാനത്താവളത്തില് എയര് ഇന്ത്യ അധികൃതര് മുന്കൂട്ടി ബുക് ചെയ്ത വീല് ചെയര് നല്കാത്തതിനെ തുടര്ന്ന് വയോധികയ്ക്ക് പരിക്കേറ്റന്നാണ് യുവതിയുടെ പരാതി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങള് അടക്കം ഉള്പ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില് വലിയ ചര്ച്ചയാണ്.
അന്തരിച്ച മുന് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ 82 വയസുകാരിയായ പ്രസിച്ച രാജിനാണ് ഗുരുതര പരിക്കേറ്റത്. മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തില് യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷം മാത്രമാണെന്നും കൊച്ചുമകള് പാറുള് കന്വര് സമൂഹമാധ്യമത്തില് പങ്കുവച്ച കുറിപ്പില് പറയുന്നു. സംഭവത്തില് അന്വേഷണം തുടങ്ങിയ എയര് ഇന്ത്യ അധികൃതര് വിഷയം വളരെ ഗൗരവത്തില് പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു.






