മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു.
തെരഞ്ഞെടുപ്പ് കാലയളവിൽ പാലിക്കേണ്ട നിയമനടപടികളും ക്രമസമാധാന നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സി.ഐ. ഷൈൻ വിശദമായ നിർദ്ദേശങ്ങൾ നൽകി.
യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങൾ സമാധാനപരമായ രീതിയിൽ നടത്തണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപ്രകാരം, നിശ്ചയിച്ച സമയപരിധിയിൽ മാത്രമാകണമെന്നും ശബ്ദ മലിനീകരണം നിയന്ത്രണവിധേയമാകണമെന്നും നിർദ്ദേശം നൽകി.
പോലീസ് സ്റ്റേഷന്റെ നിശ്ചിത പരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബാനറുകളും ഒട്ടിക്കരുത് എന്നും നിർദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പ് ദിനത്തിൽ അനാവശ്യ കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും ജനങ്ങൾക്ക് വോട്ടെടുപ്പ് സുരക്ഷിതമായ രീതിയിൽ നടത്തുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുന്നതിൽ പാർട്ടികൾ സഹകരിക്കണമെന്നും സി.ഐ ഷൈൻ ആവശ്യപ്പെട്ടു.
യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്റ്റേഷൻ പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



