തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് സംഭവം. കൊളക്കാടന്‍ കുട്ടിശങ്കരന്‍, അമ്പാടി മഹാദേവന്‍ എന്ന ആനയെ കുത്താന്‍ ശ്രമിച്ചു. ഇതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയുടെ പാപ്പാന്‍ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റു. രണ്ട് ആനകളെയും പാപ്പാന്മാര്‍ തളച്ചു.
പതിനൊന്ന് ആനകളെയാണ് ആനയൂട്ടിനായി സ്ഥലത്ത് എത്തിച്ചത്.സംഭവത്തെ തുടര്‍ന്ന് ജനം പരിഭ്രാന്തരായി. സോഷ്യല്‍ ഫോറസ്ട്രി ഉദ്യാഗസ്ഥര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. കൊമ്പുകോര്‍ത്ത രണ്ട് ആനകളുടെയും രേഖകളെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. അമ്പാടി മഹാദേവനെ ആദ്യം കുത്തിയ കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനക്ക് 15 ദിവസത്തെ വകുപ്പുതല നിരോധനം ഏര്‍പ്പെടുത്തിയതായി ചാലക്കുടി സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സൗമ്യ സി എസ് അറിയിച്ചു. അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ നിരോധനം മാറ്റുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.






