ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതല്‍ ആരംഭിക്കും. പരമ്പരയ്ക്കായി താരങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഐപിഎല്‍ ടീമുകള്‍ക്ക് നിര്‍ണായക താരങ്ങളെ നഷ്ടമാകും. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാന് റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ക്കാണ് പ്രധാനമായും താരങ്ങളുടെ നഷ്ടമുണ്ടാകുക.
ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലറിന്റെ സാന്നിധ്യം നഷ്ടമായേക്കും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള താരമാണ് ബട്ലര്. വിക്കറ്റ് കീപ്പറായും ബട്ലറിന്റെ സാന്നിധ്യം ഗുജറാത്തിന് നിര്‍ണായകമാണ്. അനുജ് റാവത്ത്, കുമാര്‍ കുശാഗ്ര എന്നീ ഇന്ത്യന്‍ ആഭ്യന്തര താരങ്ങളാണ് ഗുജറാത്തിന്റെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ് കൂടുതല്‍ നഷ്ടങ്ങളുണ്ടാകുക. ഫില്‍ സോള്‍ട്ട്, ജേക്കബ് ബെഥല്‍, ലിയാം ലിവിങ്സ്റ്റണ് തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളും വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡും റോയല്‍ ചലഞ്ചേഴ്സിന്റെ താരങ്ങളാണ്. ഐപിഎല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടീമുകളാണ് ബെംഗളൂരുവും ഗുജറാത്തും.
രാജസ്ഥാന് റോയല്‍സ് നിരയില്‍ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് താരം ജൊഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് റോയല്‍സിനായി സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നിരയില്‍ നിക്കോളാസ് പുരാന്റെ സാന്നിധ്യവും നിര്‍ണായകമാണ്. ഐപിഎല്‍ പ്ലേ ഓഫിനായി സീസണില്‍ അവശേഷിച്ച മൂന്ന് മത്സരങ്ങളും ലഖ്നൗവിന് വിജയിക്കേണ്ടതുണ്ട്.






