ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ എഐ എക്സിക്യൂട്ടീവുകളും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ ഇരുപതിലധികം രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.




