പാലക്കാട്: നിയമവിരുദ്ധമായി എയർഹോൺ ഉപയോഗിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടിയുമായി രംഗത്ത്. പാലക്കാട്, തൃശൂർ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 21 ബസുകൾക്ക്തിരെ നടപടി സ്വീകരിച്ചു. മൊത്തം 75 ഓളം ബസുകളാണ് വകുപ്പു പരിശോധനയ്ക്ക് വിധേയമാക്കിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ എയർഹോൺ ഉപയോഗിച്ച് ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്നു എന്ന പരാതിയിലാണ് ഈ റൂട്ടിൽ പ്രത്യേകമായി പരിശോധന നടത്തിയത്.
ബസ് യാത്രികർക്കും പൊതുജനങ്ങൾക്കും വലിയ വിഷമങ്ങൾക്കിടയാക്കുന്ന രീതിയിൽ എയർഹോൺ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാലക്കാട് ആർടിഒ സി. യൂ. മുജീബ് അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.






