തൃശ്ശൂർ: മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയാമ്പുറത്ത് വീട്ടിൽ ശ്രീജിത്ത് (42) എന്നയാളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ ജിതിൻ കെ. യുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമാണെന്ന് അധികൃതർ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 10.45ഓടെ എരനെല്ലൂർ വില്ലേജിലെ മഴുവഞ്ചേരി മത്തനങ്ങാടിയിലാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓട്ടോറിക്ഷ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും, ഇതിനിടെയാണ് സിവിൽ എക്സൈസ് ഓഫീസർ ജിതിനെ വാഹനം ഇടിച്ച് വീഴ്ത്തുകയുമുണ്ടായത്.
തുടർന്ന് ഉദ്യോഗസ്ഥർ സാഹസികമായി പ്രതിയെകീഴ്പ്പെടുത്തി. സംഭവസ്ഥലത്തിൽ നിന്ന് മദ്യവും ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.






