കണ്ണൂർ: രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിൽ വീണ്ടും പോസ്റ്ററുകൾ. ‘ജനവികാരത്തെ പാർട്ടി മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വി. കുഞ്ഞിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ച മതിൽ അജ്ഞാതർ പൊളിച്ചുകളഞ്ഞിരുന്നു. മതിൽ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ചു. ഈ മതിലിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. അഞ്ചോളം സ്ഥലങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു.






