കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം ശക്തമാണെന്ന ആരോപണവുമായി പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം മോൻസ് കുമ്പളന്താനം രാജിവച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾ നേരിട്ട പരാജയത്തിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ വിഭാഗീയ പ്രവർത്തനങ്ങളാണെന്ന് ആരോപിച്ചാണ് രാജി. നാടകീയമായ ഈ നീക്കം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നതായും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിൽ ഡയറക്ടർ ബോർഡ് സ്ഥാനത്തുനിന്നും മാത്രമാണ് രാജി വെച്ചിട്ടുള്ളതെങ്കിലും, പാർട്ടിയുമായി മോൻസ് കുമ്പളന്താനം അകൽച്ചയിലാണെന്നാണ് സൂചന. ഇദ്ദേഹം വരും ദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കൂടുതൽ രാജിയിലേക്കും ഭിന്നതയിലേക്കും നീങ്ങുമോ എന്നാണ് രാഷ്ട്രീയ ഉറ്റുനോക്കുന്നത്.






