കൊല്ലം: കൊല്ലം കോർപ്പറേഷനിലേക്കുള്ള സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിൽ എൽ ഡി എഫ് നേതൃത്വം മുന്നണിമര്യാദ ലംഘിച്ചെന്ന് ആരോപിച്ച് കോർപ്പറേഷനിലെ പത്ത് ഡിവിഷനുകളിൽ ഒറ്റക്ക് മത്സരിക്കാൻ ഐ എൻ എൽ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നിലവിൽ മത്സരിക്കുന്ന സീറ്റുകൾക്ക് പുറമേ ഇത്തവണ അധിക സീറ്റ് ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തെ പാർട്ടി നേതൃത്വം സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ ഉൾപ്പെടെ നിഷേധിച്ചുകൊണ്ടുള്ള തീരുമാനമാണ് മുന്നണി നേതൃത്വം കൈക്കൊണ്ടത്. ഇത്തരത്തിൽ മുന്നണിമര്യാദ ലംഘിച്ചതാണ് പാർട്ടി ഒറ്റക്ക് മത്സരിക്കാൻ കാരണമായതെന്ന് ജില്ലാ നേതാക്കൾ ആരോപിച്ചു.
2020ലെ തിരഞ്ഞെടുപ്പില്‍ കൊല്ലൂർവിള ഡിവിഷൻ എല്‍.ഡി.എഫ് ഐ.എൻ.എല്ലിന് നല്‍കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരാൻ എല്‍.ഡി.എഫ് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചിരുന്നു. നിലവിലെ സീറ്റുകൾക്ക് പുറമെ കൊല്ലം കോർപ്പറേഷനില്‍ ഐ.എൻ.എല്‍ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിക്കും സി.പി.എം ജില്ലാ സെക്രട്ടറിക്കും നിവേദനം കൊടുത്തിരുന്നു. എന്നാൽ നിലവിലുള്ള സീറ്റ് കൂടി നിഷേധിച്ച് മുന്നണി മര്യാദ ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് മത്സരിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
വാർത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കുറ്റിയില്‍ നിസാം, സെക്രട്ടറി എ.എം.നൗഷാദ്, ട്രഷറർ റഹീം ഹനീഫ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സൈനുദ്ദീൻ ആദിനാട് എന്നിവർ പങ്കെടുത്തു.






