തിരുവനന്തപുരം: കേരളം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി ശാസ്ത്രീയവും, സമഗ്രവും, പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. എന്നാൽ അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.
‘മനസോടിത്തിരി മണ്ണ് പദ്ധതി’ യിലൂടെ വീട് നിര്‍മ്മിക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിനും സഹായകമാകും, അതിനാൽ വിവിധ ജില്ലകളില്‍ പദ്ധതി കാര്യക്ഷമമാക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സര്‍ക്കാരിന്‍റെ വിവിധ ക്യാമ്പയിനുകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലകളില്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനില്‍ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ ഇത് പൂര്‍ണ്ണതയിലെത്തിക്കാന്‍ നേതൃപരമായ പങ്ക് വഹിക്കണം.
ജനുവരിയില്‍ ആരംഭിച്ച വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.കേരളത്തിൽ ഹരിത അയല്‍ക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി വർദ്ധിച്ചിട്ടുണ്ട്. ഹരിത ഓഫീസുകള്‍, ഹരിത ടൗണുകള്‍ തുടങ്ങിയ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. സ്കൂളുകളെ മാലിന്യമുക്ത പരിപാടികളില്‍ കൂടുതലായി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




