മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ (29.05.25) ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ ഔദ്യോഗിക മെയിലിലേക്കാണ് രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. മെയില്‍ ലഭിച്ച ഉടനെ പൊലീസിനെ വിവരമറയിക്കുകയും തുടര്‍ന്ന് പൊലീസിന്റെയും കരിപ്പൂര്‍ വിമാനത്താവള ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വിശദമായ പരിശോധ നടത്തുകയും ചെയ്തു. വിമാനസര്‍വീസുകളെ ഭീഷണി സന്ദേശം ബാധിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുന്നു.






