കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കടയിൽ നടത്തിയ റെയ്ഡിൽ നൂറുകണക്കിന് സാധനങ്ങൾ പിടിച്ചെടുത്തു. അധികൃതർ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, സ്ത്രീകളുടെ ആക്സസറികൾ എന്നിവ ഉൾപ്പെടെ ആകെ 657 വ്യാജ ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്.
നിയമലംഘനം സ്ഥിരീകരിച്ചതോടെ സ്ഥാപനത്തെ അടച്ചുപൂട്ടി കേസ് കോമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറി. അതേസമയം, കുവൈത്തിലെ മറ്റൊരു പരിശോധനയിൽ വലിയ തോതിൽ കേടായ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു ഫാക്ടറിയിൽ പബ്ലിക് ഫുഡ് അതോറിറ്റി നടത്തിയ റെയ്ഡിലാണ് 10 ടണ്ണിലധികം കാലാവധി കഴിഞ്ഞ പച്ചക്കറികൾ കണ്ടെത്തിയത്.
മനുഷ്യോപയോഗത്തിന് അയോഗ്യമായ ഇവ സ്ഥലത്തുതന്നെ നശിപ്പിച്ചു.ആകെ 10,071 കിലോഗ്രാം പച്ചക്കറികളാണ് പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം വിൽക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കൽ തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്തു.






