തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വാഹനത്തിന്റെ നമ്പർ ഉൾപ്പെടുത്തിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും സന്ദേശത്തിൽ ഭീഷണിപ്പെടുത്തും. വാഹന ഇൻഷുറൻസ് പുതുക്കേണ്ട സമയമായെന്നും അറിയിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്.
‘വെഹിക്കിൾ ഇൻഫോ’ എന്ന പേരിലുള്ള നമ്പറിൽനിന്നാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി എത്തുന്നത്. ഔദ്യോഗിക അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പേരിനൊപ്പം നീല ടിക് മാർക്കും നൽകിയിട്ടുണ്ട്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇതോടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി എന്നിവ ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കും.
ഫോണിന്റെ നിയന്ത്രണം ലഭിച്ചാൽ മറ്റ് ആപ്പുകളും ഇൻസ്റ്റാൾ ചെയ്ത് തട്ടിപ്പ് നടത്തും. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ യുപിഐ ആപ്പുകളും ദുരുപയോഗം ചെയ്യുന്നുണ്ട്. യുപിഐ ലൈറ്റ് പോലുള്ള സംവിധാനങ്ങളിൽ ചെറിയ തുക കൈമാറാൻ ഒടിപി ആവശ്യമില്ലാത്തതിനാൽ 1,000 രൂപയിൽ താഴെയുള്ള തുകകൾ പലതവണയായി പിൻവലിച്ചും തട്ടിപ്പ് നടത്തുന്നു.


