തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരമൊരുക്കി സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ സർക്കാർ. വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ, പുതിയ കമ്പനികൾ, നൂതന പഠനകോഴ്സുകൾ എന്നിവയ്ക്ക് വഴിയൊരുക്കുന്ന സമഗ്ര മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി ലഭ്യമാക്കുന്നതിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപകർക്ക് വിവിധ ഇളവുകളും ബില്ലിൽ നിർദേശിക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റുകയാണ് നോളജ് വാലിയിലൂടെ യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കരട് ബില്ലിൽ സമഗ്രമായ നിർദേശങ്ങളാണുള്ളത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും പുതിയ കമ്പനികൾക്കും പ്രാധാന്യം നൽകുന്ന പ്രത്യേക മേഖലയായിരിക്കും നോളജ് വാലി.
നിർമിതബുദ്ധി, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോസ്പേസ്, വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കും. ദേശീയ-വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിന് അവസരമൊരുക്കും. ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ലക്ഷ്യം.
പദ്ധതിക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് ഉദാരമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. സർക്കാർ ഭൂമി ഏറ്റെടുത്ത് സ്ഥാപനങ്ങൾക്ക് കൈമാറുകയോ സ്വകാര്യ വ്യക്തികളുടെ ഭൂമി ഭൂമി സമാഹരണ രീതിയിലൂടെ ലഭ്യമാക്കുകയോ ചെയ്യും. കിൻഫ്രയുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമിയും നോളജ് വാലിക്കായി പരിഗണിക്കും. അനുമതികൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട നികുതി എന്നിവയിലും നിക്ഷേപകർക്ക് ഇളവുകൾ ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക അതോറിറ്റിയും രൂപീകരിക്കും.
മുഖ്യമന്ത്രിയായിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസം, ഐടി, വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാർ ഉപാധ്യക്ഷന്മാരാകും. കേരളത്തിൽനിന്ന് വിദ്യാർഥികൾ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സർക്കാർ വ്യക്തമാക്കുന്നു.
നോളജ് വാലിക്ക് പുറമെ ബില്ലിൽ സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാറ്റങ്ങളുണ്ട്. പുതിയ നിയമപ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കും സർവകലാശാലകളുടെ വിസിറ്റർ. നേരത്തേ ഇടതുമുന്നണി ഭരണകാലത്ത് സിപിഎം-സിപിഐ തർക്കത്തെത്തുടർന്ന് ഒഴിവാക്കിയ വ്യവസ്ഥയാണിത്. സ്വകാര്യ സർവകലാശാല ആരംഭിക്കാൻ ആവശ്യമായ ഭൂമിയുടെ പരിധി 20 ഏക്കറിൽനിന്ന് 10 ഏക്കറായി കുറയ്ക്കും. 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം നിക്ഷേപത്തുക സർക്കാർ നിശ്ചയിക്കും.
സർവകലാശാലകളിലെ ആകെ സീറ്റുകളിൽ 25 ശതമാനത്തിന് കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകും. സംവരണ വ്യവസ്ഥകളും പാലിക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റത്തിന് നോളജ് വാലി വഴിയൊരുക്കുമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് സഹായം നൽകുക, പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിന്മാറുക, വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുക തുടങ്ങിയ വിമർശനങ്ങളും പദ്ധതിക്കെതിരെ ഉയരാൻ സാധ്യതയുണ്ട്.


