സേലം: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സന്നിയാസിഗുണ്ടു സ്വദേശിയായ ധനപാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധർ (42)നെ കിച്ചിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പ്രതിയുടെ സഹോദരി പ്രിയയ്ക്കും പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം നടന്നത്.
പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ശ്രീധർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാര്യയോടൊപ്പം ശങ്കരി പ്രദേശത്താണ് താമസിച്ചിരുന്നത്. കിച്ചിപാളയത്തെ രാജപിള്ള കാട് പ്രദേശത്തുള്ള 10,000 ചതുരശ്ര അടി വരുന്ന കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി ഇയാൾക്ക് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു.
ബുധനാഴ്ച വീട്ടിലെത്തിയ ശ്രീധർ ഈ വിഷയത്തെച്ചൊല്ലി പിതാവുമായി വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ധനപാലിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരി പ്രിയയെയും ഇയാൾ ആക്രമിച്ചതായി പോലീസ് അറിയിച്ചു. പ്രിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ശ്രീധറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ധനപാലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.




