പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് നാലു മാസം പൂർത്തിയാകുന്നതിനിടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31 വയസ്സുള്ള മലയാളി യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജനുവരി 10ന് ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പിറ്റേന്ന് തന്നെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
ഇതിനുമുമ്പ് രണ്ട് ബലാത്സംഗ കേസുകൾ കൂടി രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നാം കേസിൽ ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് രാഹുലിന്റെ വാദം. ഇതിന് പിന്തുണയുള്ള ഇലക്ട്രോണിക് തെളിവുകളും അദ്ദേഹം ഹാജരാക്കിയതായി റിപ്പോർട്ടുണ്ട്.






