ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ രംഗത്ത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നാണ് സി.പി.ഐയുടെ ആവശ്യം. സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ സിപിഐ നിലപാട് വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നാണ് വിമർശനം.
തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെ, ടി.വി.കെയെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. സിപിഐയുടെ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സി.പി.ഐ ഗവർണറുടെ നിലപാടിനെ വിമർശിച്ച് രംഗത്ത് എത്തിയത്. കോൺഗ്രസ് ടിവികെ സഖ്യത്തിന് നിലവിൽ 113 സീറ്റുകളാണ് ഉള്ളത്. രണ്ട് സീറ്റുകളിൽ വിജയ് വിജയിച്ച സാഹചര്യത്തിൽ അംഗബലം 112 ആണ്. ഇനിയും ആറ് അംഗങ്ങളുടെ കൂടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് ടിവികെയ്ക്ക് ആവശ്യമുണ്ട്.






