നഗോയ: 2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ ജീവനിൽ പേടിച്ച് ആൺവേഷം കെട്ടി നാട് വിട്ട് ഇറ്റലിയിൽ അഭയം പ്രാപിക്കേണ്ടി വന്നയാളാണ് 23-കാരിയായ ഫരീബ ഹാഷിമി. 2002-ന് ശേഷം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ അഫ്ഗാൻ വനിതയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സൈക്ലിങ് താരം. ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച നടന്ന ടൈം ട്രയൽ മത്സരത്തിൽ ഏഴാം സ്ഥാനത്തെത്തിയ ഫരീബ, ബുധനാഴ്ച നടന്ന വനിതകളുടെ വ്യക്തിഗത റോഡ് റേസിലാണ് അഫ്ഗാനായി ചരിത്രം കുറിച്ചത്. വ്യാജ പേരുകളിലും ആൺവേഷത്തിലുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ പരിശീലനം.
അഫ്ഗാനിസ്താനിൽ താലിബാന്റെ കടുത്ത നിയന്ത്രണങ്ങളും ആക്രമണങ്ങളും ഭയന്ന് ആൺവേഷം ധരിച്ച് സൈക്കിൾ പരിശീലനം നടത്തിയിരുന്ന പെൺകുട്ടി ഇന്ന് ആ രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുകയാണ്. ഫരീബയുടെ ഈ നേട്ടം കായികരംഗത്തെ വിജയത്തിനപ്പുറം അഫ്ഗാൻ സ്ത്രീകളുടെ അചഞ്ചലമായ പ്രതിരോധത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം കൂടിയാണ്. ”എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് വിജയികളുടെ പോഡിയത്തിൽ നിൽക്കുക എന്ന സ്വപ്നവുമായാണ് ഞാൻ ഏഷ്യൻ ഗെയിംസിനെത്തിയത്. ഇപ്പോൾ അനുഭവിച്ചറിയുന്ന സന്തോഷം വാക്കുകളാൽ വിവരിക്കാനാവില്ല.”-മെഡൽ നേട്ടത്തിന് ശേഷം ഫരീബ പറഞ്ഞു. മുൻ ലോക ചാമ്പ്യനായ അലെസ്സാന്ദ്ര കപ്പെല്ലോട്ടൊയുടെ സഹായത്തോടെയാണ് ഫരീബ നിലവിൽ ഇറ്റലിയിൽ താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്നത്.




