കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ചെങ്കോട്ടകളിലൊന്നായ പേരാമ്പ്രയിൽ ചരിത്രം തിരുത്തി യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‌ലിയ മിന്നും വിജയം സ്വന്തമാക്കി. പതിറ്റാണ്ടുകളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ മാറ്റം സൃഷ്ടിച്ചാണ് തഹ്‌ലിയയുടെ വിജയം. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെയാണ് അവർ പരാജയപ്പെടുത്തിയത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി.
തഹ്‌ലിയ തന്റെ കുറിപ്പിൽ “എല്ലാ കോട്ടകൊത്തളങ്ങളും ഒരുദിവസം പുരാവസ്തുവാകും, എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും” എന്ന വരികളിലൂടെ മാറ്റത്തിന്റെ സന്ദേശമാണ് പങ്കുവെച്ചത്.
മുസ്ലിം ലീഗിന്റെ ശക്തമായ വനിതാ നേതാവായ തഹ്‌ലിയയുടെ സ്ഥാനാർഥിത്വം തന്നെ പേരാമ്പ്രയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നിന്ന് 2,273 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച അവർ, കുറച്ചുകാലത്തിനുള്ളിൽ തന്നെ ജനകീയ നേതാവായി ഉയർന്നു. അതേ ആത്മവിശ്വാസത്തോടെയാണ് അവർ പേരാമ്പ്രയിൽ ശക്തമായ എതിരാളിയായ ടി.പി. രാമകൃഷ്ണനെതിരെ രംഗത്തിറങ്ങിയത്. സ്ത്രീ വോട്ടർമാരിലും യുവജനങ്ങളിലും നേടിയ സ്വാധീനം വോട്ടുകളായി മാറിയതോടെ യുഡിഎഫിന്റെ കണക്കുകൂട്ടൽ ശരിയായി.
എൻഡിഎയ്ക്കുവേണ്ടി എം. മോഹനൻ മാസ്റ്ററായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തഹ്‌ലിയക്കെതിരെ വിവാദങ്ങളും ഉയർന്നിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ ബോർഡുകളുള്ള വാഹനത്തിൽ നിന്നുള്ള അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. മതാധിഷ്ഠിതമായി വോട്ടുചെയ്യാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രചാരണമാണെന്ന ആരോപണങ്ങൾ ഉയർന്നപ്പോൾ, ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് യുഡിഎഫ് ശക്തമായി രംഗത്തെത്തി.




