കോഴിക്കോട്: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) പരിധി നൂറ് ശതമാനമായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) ആവശ്യപ്പെട്ടു. ഇൻഷുറൻസ് നിയമ ഭേദഗതി ബില്ലിനുള്ള അനുമതിയുൾപ്പെടെയുള്ള കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കരണങ്ങൾക്കാണ് മോദി മന്ത്രിസഭ അംഗീകാരം നൽകിയത്.
1938-ലെ ഇൻഷുറൻസ് നിയമം, 1956-ലെ എൽ.ഐ.സി. നിയമം, 1999-ലെ ഐ.ആർ.ഡി.എ. നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള അപകടകരമായ നിർദേശമാണിതെന്നാണ് എഐഐഇഎയുടെ നിലപാട്. ഈ നീക്കത്തിന്റെ ലക്ഷ്യം കോർപറേറ്റ് മേഖലയുടെ ലാഭം മാത്രമാണ്. തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇൻഷുറൻസ് കമ്പനികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഇൻഷുറൻസ് കമ്പനികളെ ഇൻഷുറൻസ് ഇതര കമ്പനികളുമായിലയിക്കാൻ അനുവദിക്കുക, പാർലമെന്ററി മേൽനോട്ടത്തിൽനിന്ന് മാറി ഐ.ആർ.ഡി.എ.യ്ക്ക് അധികാരം നൽകുക, ഇൻഷുറൻസ് ഇടനിലക്കാർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാക്കുക, വിദേശ റീഇൻഷുറർമാർക്കുള്ള നെറ്റ് ഓൺഡ് ഫണ്ട് പരിധി 5,000 കോടി രൂപ എന്നതിൽ നിന്ന് 1,000 കോടി രൂപയായി കുറയ്ക്കുക തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള നിയമഭേദഗതികൾ 1956-ന് മുമ്പുള്ള അവസ്ഥയിലേക്കാണ് നയിക്കുക എന്നും അസോസിയേഷൻ അറിയിച്ചു. ഈ തീരുമാനങ്ങൾക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള പ്രവർത്തനം തുടരുമെന്നും ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വ്യക്തമാക്കി.






