പാലക്കാട്: ജോലി തിരക്കിനിടെ വനിതാ ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. മാറാട് റഷീദ് എന്നറിയപ്പെടുന്ന റഷീദിനെയാണ് ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധന പൂർത്തിയാക്കി കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയ കൊല്ലം സ്വദേശിയായ ടിടിഇ സിന്ധുവിന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. സിന്ധുവിന്റെ അടുത്തെത്തിയ പ്രതി 1,000 രൂപയ്ക്ക് ചില്ലറ ചോദിച്ചു. ടിടിഇയുടെ ശ്രദ്ധ മാറിയ സമയത്ത് വില കൂടിയ മൊബൈൽ ഫോൺ കൈക്കലാക്കി പ്രതി കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് സിന്ധു റെയിൽവേ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മണിക്കൂറുകൾക്കകം ഷൊർണൂരിൽ നിന്ന് പ്രതിയെ മോഷ്ടിച്ച മൊബൈൽ ഫോണിനൊപ്പം പിടികൂടുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.


