തിരുവനന്തപുരം: വനിത സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്ത മൂന്ന് പേർക്ക് ഉൾപ്പെടെ 45 ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. കഴിഞ്ഞ 17 ദിവസമായി വിവിധ സമരമുറകളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് നീക്കം. അതേസമയം അഡ്വൈസ് മെമ്മോ ലഭിക്കാത്തവർ സമരം തുടരും. വിവിധ വിഭാഗങ്ങളിലായി 45 വേക്കൻസികൾ ആയിരുന്നു വന്നത് .
പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ കൊഴിഞ്ഞുപോയ 13, പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28, ജോയിനിങ് ചെയ്യാത്ത 4 പേർ എന്നിങ്ങനെയാണ് ഒഴിവുകൾ. അതേസമയം അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർഥികൾക്കുണ്ട്. നാളെ 12 മണിയോടെയാണ് വനിത സിപിഒ റാങ്ക് ഹോൾഡർമാരുടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് , ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ഉദ്യോഗാർഥികളുടെ പ്രതീക്ഷയാകു അവസാനിക്കുക .






