ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരണവിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐ.സി.യു. വിഭാഗത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.






