കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സെൻട്രലിൽ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ കെട്ടിടത്തിനടുത്ത് കയർ നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന ചകിരി കൂമ്പാരത്തിനാണ് തീപിടിച്ചത്.
സമീപത്തുള്ള തെങ്ങിലെ ഉണങ്ങിയ ഓല തൊട്ടടുത്ത വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഓലയ്ക്ക് തീ പിടിക്കുകയും തുടർന്ന് നിലത്തേക്ക് പതിച്ച ഓലയിൽ നിന്ന് ചകിരി കൂമ്പാരത്തിലേക്ക് തീ പടരുകയുമായിരുന്നു.
ആ സമയം അവിടെ ജോലി ചെയ്തിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പിന്നീട് എത്തിച്ചേർന്ന അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിലൂടെ തീ പൂർണ്ണമായും അണച്ചു. നാട്ടുകാരുടെയും, അഗ്നിരക്ഷാ സേനാംഗങ്ങളുടെയും സമയോചിതമായ ഇടപെടലിനാൽ ആളപായമോ മറ്റ് വസ്തുവകകളുടെ നാശനഷ്ടമോ ഉണ്ടായില്ല.






