കാസർകോട്: ചെറുവത്തൂർ മേഖലയിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. കൈതക്കാട് സ്വദേശി യു.കെ. കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
പുനരുപയോഗത്തിനായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പർ, തുണി, ചെരിപ്പ് തുടങ്ങിയ വസ്തുക്കളിലേക്കാണ് തീ പടർന്നത്. ഇതുമൂലം തീ വേഗത്തിൽ വ്യാപിക്കുകയും സ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയും ഉയരുകയും ചെയ്തു.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്.
തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.





