ന്യൂഡൽഹി: പഹാൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ന്റെ ഒന്നാം വാർഷികത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിൽ സൈന്യം അതുല്യമായ ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി നടത്തിയ ഈ നടപടിക്ക് രാജ്യം മുഴുവൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായും മോദി എക്‌സിൽ കുറിച്ചു.
മോദിയുടെ കുറിപ്പിന്റെ പൂർണരൂപത്തിൽ, പഹാൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ശ്രമിച്ചവർക്കുള്ള ഉചിതമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനെയും ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള അചഞ്ചല പ്രതിബദ്ധതയെയും ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സായുധ സേനയുടെ പ്രൊഫഷണലിസം, തയ്യാറെടുപ്പ്, ഏകോപിത ശക്തി എന്നിവയെ ഈ ദൗത്യം ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.




