തൃശ്ശൂർ : ഗുരുവായൂർ ഏകാദശി ദിനത്തിൽ മല്ലിശ്ശേരിപ്പറമ്പിൽ അക്ഷയ് (22) എന്ന യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർ ജിം ഷെമീർ (32, ഒരുമനയൂർ), ഫാസിൽ (23, പാലയൂർ), മുഹമ്മദ് ആഷിക് (19, വട്ടേക്കാട്), വിഷ്ണു (19, ഒരുമനയൂർ), അമൽകൃഷ്ണ (21, ഒരുമനയൂർ) എന്നിവരാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിം ഷെമീറിനെ പൊലീസ് ശക്തമായ പിന്തുടർച്ചയിൽ പിടികൂടുകയായിരുന്നു. ഇരുമ്പ് പൈപ്പ്, ട്രോഫി, വടി എന്നിവ ഉൾപ്പെടെയുള്ള ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ കൃത്യസ്ഥലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയായ പാച്ചു ഫൈസലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതായി ഇൻസ്പെക്ടർ ജി. അജയകുമാർ അറിയിച്ചു.
ഏകാദശി തിരക്കിനിടെ പ്രതികളെ കണ്ടെത്തുന്നതിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും പൊലീസിന് പിന്തുണ നൽകി. എസ്.ഐ സദാശിവൻ പി.ജി., എ.എസ്.ഐമാരായ വിനയൻ, സിന്ധു എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആഷിക്, വിഷ്ണു എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കും മറ്റു മൂന്ന് പ്രതികൾ ചാവക്കാട് സബ് ജയിലിലേക്കും റിമാൻഡിൽ മാറ്റി.




