മലപ്പുറം: നറുകര മേമാട് സ്വദേശിയായ അഞ്ച് വയസ്സുകാരന്‍ സൈക്കിള്‍ യാത്രയ്ക്കിടെ ബൈക്ക് ഇടിച്ച് ദാരുണമായി മരിച്ചു. മേമാട് കൂടക്കര എളയോടന്‍ വീട്ടില്‍ മുഹമ്മദ് യൂസഫിന്റെ മകന്‍ മുഹമ്മദ് ഇസിയാൻ (5) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. വീടിനടുത്തായി സൈക്കിള്‍ ഓടിച്ചു പോകുകയായിരുന്ന ഇസിയാനെ തോട്ടേക്കാട് ഭാഗത്തു നിന്ന് വന്ന് അതിവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ മഞ്ചേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ഇസിയാൻ മാരിയാട് ആലുക്കൽ നാസിറുൽ ഇസ്‌ലാം നഴ്സറി സ്കൂളിൽ യുകെജി വിദ്യാർഥിയായിരുന്നു. ഖബറടക്കം ഞായറാഴ്ച കൂടക്കര ജുമാ മസ്ജിദിൽ നടക്കും.






