ന്യൂഡൽഹി: കനത്ത മഴയും മിന്നൽ പ്രളയവും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം. അസമിൽ മഴക്കെടുതിയിൽ രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 82 ആയി ഉയർന്നു. സംസ്ഥാനത്ത് 1.92 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ശിവസാഗർ, ചരൈഡിയോ ജില്ലകളിലാണ് ഏറ്റവും ഒടുവിലത്തെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, നാഗാവ്, ചരൈഡിയോ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 54 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,994 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും 15,430 ഹെക്ടർ കൃഷിയിടം വെള്ളത്തിനടിയിലായതായും അധികൃതർ അറിയിച്ചു. നിരവധി വീടുകളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്ന സാഹചര്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ആറുമാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഒഡീഷയിൽ കനത്ത മഴയും പ്രളയവും മൂലം അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ-പടിഞ്ഞാറൻ ഒഡീഷയിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഛത്തീസ്ഗഡിന് മുകളിലുള്ള ന്യൂനമർദ്ദം പടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ മഴയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേർ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നതിനിടെ നിരവധി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.
ഗുജറാത്തിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് 16,500 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന 41 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ അറിയിച്ചു.












