ടെക്‌സസ്: ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 13 മരണം. പ്രദേശത്തെ നദിയില്‍ വെള്ളം ഉയര്‍ന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കി. സമ്മര്‍ ക്യാംപില്‍ പങ്കെടുക്കാനെത്തിയ 20 പേരെ കാണാതായി. ഇവരില്‍ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
ക്യാംപില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധിപേര്‍ സമൂഹമമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. ടെക്‌സസിലെ ജനപ്രതിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.






