കൊച്ചി: ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ കബളിപ്പിച്ച് 1.61 കോടിയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് ഡെലിവറി ഹബ്ബ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കേസ്.
കാഞ്ഞൂര്‍, കുറുപ്പുംപടി, മേക്കാട്, മുവാറ്റുപുഴ ഡെലിവറി ഹബ്ബുകളുടെ ഇന്‍ചാര്‍ജുമാരായ സിദ്ദിഖ് കെ.അലിയാര്, ജാസിം ദിലീപ്, പി.എ.ഹാരിസ്, മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.
332 മൊബൈല്‍ ഫോണുകളാണ് ഇവര്‍ തട്ടിപ്പു നടത്തി കൈക്കലാക്കിയത്.
ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസങ്ങള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.
ഇത്തരം വിലാസങ്ങളിലേക്ക് ഓര്‍ഡര്‍ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകള്‍ നഷ്ടപ്പെട്ടു എന്ന് രേഖകളില്‍ കാണിക്കുകയാണ് തട്ടിപ്പിന്റെ രീതി. ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ കമ്പനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്.






