മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കാട്ടാന മുന്നറിയിപ്പുമായി വനപാലകര്‍. ചുരം തുടങ്ങുന്ന കെ.എന്‍.ജി റോഡരികിലെ ആനമറി വനം ചെക്ക്പോസ്റ്റിലെ ജീവനക്കാരാണ് യാത്രക്കാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാവും പകലുമില്ലാതെ കാട്ടാനകള്‍ ചുരം പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. കൗതുകക്കാഴ്ച കാമറയിലും ഫോണിലും പകര്‍ത്തുന്നവര്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നുണ്ട്.
അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ദിവസേന ദീര്‍ഘദൂര ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തെ കാണുമ്പോള്‍ സഞ്ചാരികള്‍ കൗതുകത്തോടെ വാഹനത്തില്‍ നിന്നിറങ്ങി ആനകളുടെ അരികിലെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.






