ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കുറയ്ക്കുന്നതിനുപകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സുരക്ഷാ സാഹചര്യം പ്രവചിക്കാനാകാത്ത നിലയിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണങ്ങൾ അതിന്റെ ഉദാഹരണമാണെന്നും സാമന്ത് ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ ഭീഷണികളും അയൽരാജ്യങ്ങളിലെ ഭീകരപ്രവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡ്രോണുകളും സ്നൈപ്പർ ആക്രമണങ്ങളും ഉൾപ്പെടെ പുതിയ സുരക്ഷാ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിച്ച് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷ പദവിയുടെ പ്രതീകമല്ല, ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സാമന്ത് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ വാഹനങ്ങളുടെ എണ്ണം കുറയുന്നത് ആക്രമണസാധ്യത വർധിപ്പിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനെ തുടർന്നാണ് സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചതായും അനുഗമിക്കുന്ന വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.






