കോട്ടയം: ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനിൽ ഇത്തവണ ദേശീയ പാർട്ടികളായ ബി.ജെ.പി., കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയും സംസ്ഥാന പാർട്ടിയായ കേരള കോൺഗ്രസ് (എം.) വിഭാഗവും നേർക്കുനേർ വരുന്ന തീവ്രമായ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുന്നു. നാല് പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗിക ചിഹ്നത്തിലാണ് രംഗത്തിറക്കിയിരിക്കുന്നത്.
മുൻപ് ഈ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഹരിദാസ് അടമത്ര കോൺഗ്രസിനുവേണ്ടിയും, നിലവിലെ മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് മീനാഭവൻ ബി.ജെ.പി.ക്കു വേണ്ടിയും മത്സരിക്കുന്നു. ഇടതുമുന്നണിക്കുവേണ്ടി കേരള കോൺഗ്രസ് (എം.) വിഭാഗത്തിലെ റിട്ടയേർഡ് അദ്ധ്യാപകനായ ഷാജി വില്ലൻകല്ലേലാണ് ജനവിധി തേടുന്നത്.
ആം ആദ്മി പാർട്ടിക്കുവേണ്ടി പാർട്ടി മുത്തോലി പഞ്ചായത്ത് കോർഡിനേറ്ററും പാലായിലെ അഭിഭാഷകനുമായ അഡ്വ. ജോസ് ചന്ദ്രത്തിൽ മത്സര രംഗത്തുണ്ട്. ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി നാല് സ്ഥാനാർത്ഥികളും ഇപ്പോൾ ഗൃഹസന്ദർശനത്തിലാണ്. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകുന്നതോടെ മുത്തോലി ഡിവിഷനിൽ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.



