കോട്ടയം: കത്തോലിക്കാ കോൺഗ്രസ് (AKCC) പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം. ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന അച്ചനെ, സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയിൽ സാരമായി പരിക്കേറ്റ അച്ചൻ ചികിത്സയിലാണ്. സഭ നേരിടുന്ന വിവിധ വിഷയങ്ങളിൽ രൂപതയുടെ ശക്തമായ ശബ്ദമായ ഫാ. ഞാറക്കുന്നേലിനെ ലക്ഷ്യം വെച്ചുള്ള വധശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സഭാ നേതൃത്വം ആരോപിച്ചു.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ കണ്ടെത്താമെന്നിരിക്കെ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം തുടങ്ങി പ്രമുഖർ സംസാരിച്ചു. കഴിഞ്ഞ ഡിസംബർ 19-ന് പാലാ സെൻ്റ് തോമസ് കോളജിന് മുന്നിൽ സീബ്ര ലൈനിൽ ആളെ ഇടിച്ചിട്ടു പോയ സ്കൂട്ടറിനെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്നും യോഗം കുറ്റപ്പെടുത്തി.
അതേസമയം, പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രതികളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ സമയബന്ധിതമായി പിടികൂടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.






