പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയതായി ബന്ധുക്കളുടെ പരാതി. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാൻ ഫ്രീസർ തുറന്നപ്പോൾ ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതായാണ് പറയുന്നത്. പേരിനായി മാത്രമാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും, ഏറെ നേരം കഴിഞ്ഞിട്ടും ആശുപത്രി അധികൃതരിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം നടത്തി.
അതേസമയം, മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിന് ശേഷമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം വ്യക്തമാക്കി. മോർച്ചറിയിലെ ഫ്രീസറുകൾക്ക് തകരാറില്ലെന്നും അവർ പറഞ്ഞു. മൃതശരീരത്തെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടായതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത പരിചയം ഇല്ലാത്തതിനാലുമാണ് ഡോക്ടർ പോസ്റ്റ്മോർട്ടത്തിൽ നിന്ന് പിന്മാറിയതെന്നും സൂപ്രണ്ട് അറിയിച്ചു. കൂടുതൽ പരിചയസമ്പന്നരായ വിദഗ്ധരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണ് ആശുപത്രിയുടെ നിലപാട്.






