തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരായി ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണം ഒത്തുതീർപ്പിലേക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തിയതായി ബിന്ദു അറിയിച്ചു. താൻ ഫോൺ എടുക്കാത്തതിനാൽ ഗണേശ് കുമാർ തന്റെ സഹോദരിയുമായി സംസാരിച്ച് തെറ്റ് പറ്റിയതായി പറഞ്ഞ് മാപ്പ് ചോദിച്ചതായും ബിന്ദു വ്യക്തമാക്കി. വിഷയത്തിൽ നിയമപരമായ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഒരു വികാരപരമായ പ്രതികരണമാണെന്നും അവർ പറഞ്ഞു.
മുപ്പത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ബന്ധം ഉപേക്ഷിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിന്ദു പറഞ്ഞു. എല്ലാവർക്കും തെറ്റ് സംഭവിക്കാമെന്നും മന്ത്രി ആയതിനാൽ സംഭവം വലിയ വാർത്തയായെന്നും അവർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സമൂഹത്തോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്നും തന്നോട് ക്ഷമ ചോദിച്ചാൽ മതി എന്നും ബിന്ദു പറഞ്ഞു. ഇനി ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച വേണ്ടെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം വാളകത്തെ കുടുംബ വീട്ടിൽ ഗണേശ് കുമാറിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടുവെന്നും മന്ത്രിയുടെ ജീവനക്കാർ തനിക്കെതിരെ ബലപ്രയോഗം നടത്തിയെന്നും ബിന്ദു ആരോപിച്ചിരുന്നു. പോലീസിനെ വിളിച്ചിട്ടും സംരക്ഷണം ലഭിച്ചില്ലെന്നും അവർ പറഞ്ഞിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ഫോൺ ബലമായി പിടിച്ചെടുക്കാൻ സ്റ്റാഫ് ശ്രമിച്ചതായും ബിന്ദു ആരോപിച്ചു. ജീവന് അപകടമുണ്ടാകുമെന്ന് തോന്നിയപ്പോൾ സഹോദര ഭാര്യയും മുൻ ഡി.ജി.പി.യും തലസ്ഥാനത്തെ കൗൺസിലറുമായ ആർ. ശ്രീലേഖയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതായും അവർ വെളിപ്പെടുത്തിയിരുന്നു.






