മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നിർണയത്തെച്ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ തർക്കവും കൂട്ടയടിയും . ലീഗിന് ശക്തമായ സ്വാധീനമുള്ള വേങ്ങരയിലും എടയൂർ പഞ്ചായത്തിലുമാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. വേങ്ങരയിലെ കച്ചേരിപ്പടി 20-ാം വാർഡിലെ സ്ഥാനാർഥിയെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ ആളെ സ്ഥാനാർഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മുൻ വാർഡ് മെമ്പർ മതിയെന്ന നിലപാടിലായിരുന്നു മറുവിഭാഗം. തർക്കം രൂക്ഷമായതോടെ യോഗം കൂട്ടയടിയിൽ കലാശിക്കുകയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പിരിയുകയും ചെയ്തു. എടയൂർ പഞ്ചായത്തിലെ നാലാം വാർഡ് മണ്ണത്ത് പറമ്പിലാണ് സംഘർഷമുണ്ടായത്.
യു.ഡി.എഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണിത്. നാലാം വാർഡിൽ ഒരാളെ സ്ഥാനാർഥിയായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് പ്രശനം തുടങ്ങിയത് . വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി സി.പി.എമ്മുമായി പ്രവർത്തിച്ച ഇയാൾ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. അങ്ങനെയുള്ള ഒരാളെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ സ്ഥാനാർഥിയാക്കണമെന്നുമാണ് എതിർവിഭാഗം ആവശ്യപ്പെട്ടത്. പാർട്ടിക്ക് വേണ്ടി പണിയെടുത്തവരെ തഴയുന്നുവെന്നും ഇവർ ആരോപിച്ചു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞെന്നും ഇതിനെതിരെ രംഗത്തെത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.



