പാലക്കാട് : വടക്കഞ്ചേരി കുതിരാൻ മേഖലയിലെ ദേശീയപാതയോരത്ത് വീണ്ടും അനധികൃത മാലിന്യം തള്ളൽ. രാത്രിയുടെ മറവിൽ ഗുണ്ടകളുടെ കാവലിലാണ് മാലിന്യം കയറ്റിയ ലോറികൾ എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ദീർഘകാലമായി തുടരുന്ന സ്ഥിരം പ്രവണതയാണെന്നും പ്രദേശവാസികൾ പറയുന്നു.
വാണിയമ്പാറ മുതൽ പട്ടിക്കാട് വരെ വ്യാപിച്ചുകിടക്കുന്ന നിരവധി കുടിവെള്ള പദ്ധതികളിലേക്കാണ് ഈ മാലിന്യം മഴക്കാലത്ത് ഒഴുകിയെത്തുന്നത്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യം നിലനിൽക്കുന്നതോടെ ജനങ്ങളിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്.
മാലിന്യ തള്ളൽ സംബന്ധിച്ച പരാതികൾ ശക്തമായതിനെ തുടർന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിഷയത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, സ്ഥിരപരിഹാര നടപടികൾ ഇനിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ദേശീയപാതയുടെ പരിധിയിലുള്ള പ്രദേശമായിട്ടും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ദേശീയപാത അഥോറിറ്റി ഇതുവരെ നടപ്പാക്കിയിട്ടില്ല.
ക്യാമറകൾ സ്ഥാപിച്ചാൽ മാലിന്യ തള്ളൽ തടയാൻ കഴിയുമെന്നിരിക്കെ, അധികൃതരുടെ അനാസ്ഥയാണ് ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനൊപ്പം, രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, മാലിന്യം തള്ളുന്ന വാഹനങ്ങളും പിന്നിലെ സംഘങ്ങളും കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അനധികൃത മാലിന്യ തള്ളൽ തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് തയ്യാറാണെന്നും അവർ മുന്നറിയിപ്പ് നൽകി.
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയാകുന്ന ഈ പ്രശ്നത്തിൽ ബന്ധപ്പെട്ട വകുപ്പുകളും ദേശീയപാത അഥോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് കുതിരാൻ പ്രദേശത്ത് ഉയരുന്നത്.






