കൊച്ചി: ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗായകനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിത്. വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെയെന്നും മുന്‍ മെത്രോപ്പോലീത്ത ആശംസിച്ചു.
അതേസമയം, വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേടന് ഇവിടെ വേണമെന്ന് ഗായകന് ഷഹബാസ് അമന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യത്യസ്ഥമായൊരു കാര്യം പറയാനുണ്ട്. നാളെ വിശദമായി എഴുതുമെന്നും ഷഹബാസ് അറിയിച്ചു.






