പാലക്കാട്: ജില്ലയിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം’ (2025–26) വിജയകരമായി സമാപിച്ചു. കഴിഞ്ഞ ശനിയാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലയിലെ മിടുക്കരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്റ്റുകൾ ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ പങ്കെടുത്ത ജില്ലാ കളക്ടർ കുട്ടികളുമായി സംവദിക്കുകയും അവരുടെ മികച്ച പ്രോജക്റ്റുകൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ജീവിതമാണ് ഏറ്റവും പ്രധാനമെന്നും, പഠനവും കരിയറും എല്ലാം ജീവിതത്തെ മികച്ചതാക്കാനുള്ള ഉപാധികളാണെന്നും കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. എല്ലാവരിലും പ്രതിഭയുണ്ടെന്നും അതിന്റെ അളവുകോലുകൾ മാത്രമാണ് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെയും സമൂഹത്തെയും വായിച്ചെടുക്കാനുള്ള കഴിവ് ഒരു പൊതുസേവകനു അനിവാര്യമാണെന്നും, വായനയിലൂടെ ലഭിക്കുന്ന സാമൂഹ്യബോധം ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
‘ജില്ലാ പഞ്ചായത്തും പദ്ധതികളും’ എന്ന സെഷനിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ അധ്യക്ഷ എ. ഷാബിറ ടീച്ചർ വിവിധ വിദ്യാഭ്യാസ പദ്ധതികൾ പരിചയപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സാക്ഷ്യപത്രങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലീന ബീവി വിതരണം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രോജക്റ്റുകൾ വിജ്ഞാനപരമായും നവീനമായും ശ്രദ്ധ പിടിച്ചുപറ്റി.
ജി.എച്ച്.എസ്.എസ് സ്കൂളിലെ ഗൗരിനന്ദന എം, ശ്രീരാഗ സി.എം (പാരമ്പര്യ വ്യവസായങ്ങളുടെ തകർച്ചയും വളർച്ചയും), ബെമ്മാനൂർ ജി.എച്ച്.എസ് ലെ മൃദുല (ക്വാണ്ടം യുഗം), പാലക്കാട് ജി.എം.എം ജി.എച്ച്.എസ്.എസ് ലെ ശ്രീനന്ദ കെ, ദേവനന്ദ കെ, പഴമ്പാലക്കോട് എസ്.എം.എച്ച്.എസ്.എസ് ലെ കൃഷ്ണപ്രിയ എൻ (ജലസേചനത്തിലെ ഹെവി മെറ്റൽ ഡൈനാമിക്സ്), കഞ്ചിക്കോട് അസിസി ഇ.എം.എച്ച്.എസ്.എസ് ലെ അർജുൻ കിഷൻ, ആത്മജ് എസ്, സംവൃത എസ് (പ്ലാസ്റ്റിക് വിഘടനം), പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് ലെ ഹാഷിമുൽ അർമാൻ, പി.എം.ജി.എച്ച്.എസ്.എസ് ലെ സുനിന്ദ് എസ്, എറിക് ജോൺ, ഭാരത് മാത എച്ച്. എസ്.എസ് ലെ നിരഞ്ജൻ എൻ.ആർ (ഷോപ്പ്-എ-ഹോളിക്സ്), കാണിക്കമാത കോൺവെന്റ് ഇ.എം.ജി.എച്ച്.എസ്.എസ് ലെ രഹന ടി.ഐ (അനിമേഷനിലെ ഗണിതം), ഭാരത് മാത എച്ച്.എസ്.എസ് ലെ സിരിൻ സബീർ (പരിസ്ഥിതി സൗഹൃദ മഷി) എന്നിവർ മികച്ച അവതരണമാണ് നടത്തിയത്.
പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് പൂർത്തിയാക്കിയ മിടുക്കർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ശാസ്ത്രജ്ഞരും വിഷയവിദഗ്ധരുമടങ്ങുന്ന നേതൃത്വത്തിൽ 40ഓളം അക്കാദമിക സെഷനുകൾ, ഐ.ഐ.ടി., വിക്ടോറിയ കോളേജ്, ഒ.വി. വിജയൻ സ്മാരകം, ജില്ലാ പബ്ലിക് ലൈബ്രറി, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പഠന സന്ദർശനങ്ങൾ എന്നിവ കുട്ടികൾക്ക് മികച്ച പഠനാനുഭവമായി.
ഏഴാം ക്ലാസിലെ യു.എസ്.എസ് പരീക്ഷയിൽ മികവ് തെളിയിക്കുന്ന ഓരോ വിദ്യാഭ്യാസ ജില്ലയിലെയും മികച്ച 40 കുട്ടികൾക്കാണ് എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ, ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. എ. രാജേന്ദ്രൻ, റിസോഴ്‌സ് ഗ്രൂപ്പ് അംഗം ആർ. പ്രവീൺ, പദ്ധതി കോ-ഓർഡിനേറ്റർ പി.ജെ. സാംകുഞ്ഞ്, അധ്യാപകരായ പ്രീത, മാലിനി, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
ഈ വിജയകരമായ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, അധ്യാപകർ എന്നിവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.






