ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് റെക്കോഡ് ഇടിവ്. രൂപയുടെ മൂല്യം 92.43 എന്ന നിലയിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചതുമാണ് രൂപയെ ബാധിച്ചതെന്ന് വിദഗ്ധർ പറയുന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യം 92.33 ആയിരുന്നു. പിന്നീട് വ്യാപാരത്തിനിടെ അത് 92.37 ആയി താഴുകയും തുടർന്ന് 92.43 എന്ന റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു.
സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് ഏകദേശം 70 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 100 ഡോളർ കടന്നിട്ടുണ്ട്. ഇന്ത്യ വലിയ തോതിൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ഇതിന്റെ സമ്മർദം രൂപയ്ക്കും നേരിട്ടു. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെടുന്നുണ്ടെങ്കിലും എണ്ണവില ഉയരുന്നത് വലിയ വെല്ലുവിളിയായി തുടരുന്നു. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏകദേശം ഒന്നര ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങളും ആഗോള വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.






