കോഴിക്കോട്: ഭക്ഷണത്തിലെ പുഴുവിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള കായികാധ്യാപകൻ ജിജോ ജെയിംസിന് പിന്തുണയുമായി സംസ്ഥാന കായികമേളയിൽ വേറിട്ട പ്രതിഷേധം. ജൂനിയർ ഗേൾസ് ഹാമർത്രോയിൽ തുടർച്ചയായ രണ്ടാം വർഷവും സ്വർണം നേടിയ മരിയ അലോഷ്യ ജസ്റ്റിസ് ഫോർ കോച്ച് എന്ന പ്ലക്കാർഡ് ഉയർത്തിയാണ് തന്റെ പരിശീലകനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
45.91 മീറ്റർ ദൂരം ഹാമർ എറിഞ്ഞാണ് മരിയ സ്വർണനേട്ടം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ ഉയർത്തിയ പ്ലക്കാർഡിലൂടെ പരിശീലകനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധവും അറിയിച്ചു. തന്റെ പരിശീലകൻ നിരപരാധിയാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നുമാണ് മരിയയുടെ ആവശ്യം.
കഴിഞ്ഞ നാല് വർഷമായി ജിജോ ജെയിംസിന്റെ കീഴിലാണ് മരിയ പരിശീലനം നടത്തുന്നത്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലോം വിഎച്ച്എസ്എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനിയായ മരിയ ആലപ്പുഴ കലവൂർ സ്വദേശിനിയാണ്. 2024ലെ മത്സരത്തിൽ ആറാം സ്ഥാനത്തായിരുന്നു. ഷർളിയാണ് അമ്മ. ജസ്റ്റിൻ ആന്റണിയാണ് അച്ഛൻ.
അതേസമയം, ഭക്ഷണത്തിലെ പുഴുവുമായി ബന്ധപ്പെട്ട പരാതിയിൽ ജിജോ ജെയിംസിനെതിരായ അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അധ്യാപകന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഫോൺ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തിന് കൈമാറും. കോൾ ഡീറ്റെയിൽ റെക്കോർഡുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഊട്ടുപുരയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
പരിശീലകനെതിരായ നടപടിയിൽ പ്രതിഷേധം അറിയിച്ച മരിയയുടെ സ്വർണനേട്ടവും പ്ലക്കാർഡുമാണ് കായികമേളയിലെ ശ്രദ്ധേയമായ കാഴ്ചയായി മാറിയത്.


