തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി. പവൻവില 1,040 രൂപ ഇടിഞ്ഞ് 1,12,160 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 31 ഡോളർ കുറഞ്ഞ് 4,674 ഡോളറിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതാണ് സ്വർണവില ഇടിവിന് പ്രധാന കാരണം. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം വർധിപ്പിക്കുകയും, അതിനെ നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടാകുകയും ചെയ്യും. ഇതോടെ ഡോളർ ശക്തമാകുന്നതും സ്വർണവിലയ്ക്ക് തിരിച്ചടിയാകുന്നു.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520 രൂപയായി നിശ്ചയിച്ചു. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 260 രൂപയായാണ് തുടരുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നിർദേശപ്രകാരമാണ് പുതിയ വിലകൾ നിശ്ചയിച്ചിരിക്കുന്നത്.




