ബംഗളൂരു: കര്‍ണാടകയിലെ ബീദർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് യുവ കർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദാഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. നവദാഗി സ്വദേശിയായ രേവണസിദ്ധ (28), ജേവർഗി സ്വദേശിയായ യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
ഇടിമിന്നലേറ്റ് മരണപ്പെട്ടതാണെന്ന് ഖടക് ചിഞ്ചോലി പൊലീസ് സ്ഥിരീകരിച്ചു.പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഇരുവരും ചൂട് തുടരുന്നതിനിടെ പെട്ടെന്ന് മഴ തുടങ്ങിയപ്പോൾ സമീപത്തെ ഒരു മാവിന്റെ ചുവട്ടിൽ അഭയം തേടുകയായിരുന്നു. പ്രദേശത്തെ ഉയരത്തിലുള്ള ഒറ്റമരമായതിനാൽ മിന്നൽ അതിൽ പതിക്കുകയും, അതിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.




