തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലികളെയും പൂച്ചകളെയും കണ്ടെത്തിയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ളതും രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമത്തിനായി ഉപയോഗിക്കുന്നതുമായ വാർഡിലാണ് ഈ ദുരവസ്ഥ.
ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നതിന് പിന്നാലെ അണുബാധ ഒഴിവാക്കാനെന്ന പേരിൽ അധികൃതർ വാർഡിന് പുറത്ത് പുതിയ അറിയിപ്പ് പതിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതായും രോഗികളുടെ കൂട്ടിരുപ്പുകാരായി ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നുമാണ് അറിയിപ്പിലുള്ളത്.
എന്നാൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ അണുബാധ തടയുന്നതിനോ ആശുപത്രിയിലെ ശുചിത്വം ഉറപ്പാക്കുന്നതിനോ കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ‘മാതൃക ആശുപത്രി’ എന്ന വിശേഷണമുള്ള സ്ഥാപനത്തിലാണ് രോഗികളും കൂട്ടിരുപ്പുകാരും ഒരുപോലെ ദുരിതത്തിലാകുന്ന ഈ ദയനീയ സാഹചര്യം നിലനിൽക്കുന്നത്.


