പുണെ: പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ വിമാനം പുണെ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ പുണെയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 192 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു.
രാവിലെ വിമാനം പറന്നുയർന്നതിന് പിന്നാലെ ലാൻഡിങ് ഗിയർ ഉള്ളിലേക്ക് മടങ്ങാതെ പുറത്തുതന്നെ തുടരുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിശമന സേന, ആംബുലൻസുകൾ, രക്ഷാപ്രവർത്തക സംഘം എന്നിവരെ സജ്ജമാക്കി.
വിമാനം തിരിച്ചിറക്കുന്നതിന് മുമ്പ് ലാൻഡിങ് ഗിയറിന്റെ അവസ്ഥ പരിശോധിക്കാൻ റൺവേയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു. പരിശോധനകൾക്ക് ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. രാവിലെ 9.04നായിരുന്നു ലാൻഡിങ്.
വിമാനം ഇറങ്ങിയതിന് പിന്നാലെ മൂന്ന് അഗ്നിശമന വാഹനങ്ങളും രണ്ട് ആംബുലൻസുകളും വിമാനത്തെ ഏഴാം ബേയിലേക്ക് അനുഗമിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതോടെ രാവിലെ 9.10ന് അടിയന്തരാവസ്ഥ പിൻവലിച്ചു.
തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ ഗുവാഹത്തിയിലെത്തിക്കാൻ ബെംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം പുണെയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതർ, വ്യോമസേന, എയർ ട്രാഫിക് കൺട്രോൾ, ഇൻഡിഗോ എന്നിവയുടെ ഏകോപനത്തിലൂടെയാണ് അടിയന്തര നടപടികൾ പൂർത്തിയാക്കിയത്.


